വടക്കാഞ്ചേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ വിവിധ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി അയച്ച കത്തിന് വിശദമായ മറുപടിയുമായി ദക്ഷിണ റെയിൽവേ. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക്, എസ്കലേറ്റർ സൗകര്യം, സിസിടിവി നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് എം.പി ഉന്നയിച്ച ആവശ്യങ്ങളിൽ റെയിൽവേ സ്വീകരിച്ചിട്ടുള്ള നടപടികളും ഭാവി പദ്ധതികളും തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ ഔദ്യോഗികമായി വിശദീകരിച്ചു.
സ്റ്റേഷനിൽ എസ്കലേറ്ററോ, ലിഫ്റ്റോ സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട യാത്രക്കാരുടെ എണ്ണം നിലവിലില്ലെങ്കിലും മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും യാത്രാസൗകര്യം മുൻനിർത്തി അനുവദിക്കുന്നതിനായി റെയിൽവേയുടെ ഭാഗത്തുനിന്ന് പുതിയൊരു പ്രൊപ്പോസൽ മുൻകൈയെടുത്ത് ആരംഭിക്കുമെന്ന് ഡിആർഎം അറിയിച്ചു.
സ്റ്റേഷനിലെ സാമൂഹികവിരുദ്ധ ശല്യം തടയുന്നതിനായി വീഡിയോ സർവൈലൻസ് സിസ്റ്റം പദ്ധതിയിൽ വടക്കാഞ്ചേരിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി. വയറിംഗ്, കാമറ സ്ഥാപിക്കൽ ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഡിസംബർ 31നകം പദ്ധതി പൂർണമായി കമ്മീഷൻചെയ്യുമെന്നും മറുപടിയിൽ പറയുന്നു. യാത്രക്കാരുടെ സുരക്ഷയ്ക്കായി ആർപിഎഫ് രാത്രിയും പകലും കർശനമായ പരിശോധനകൾ നടത്തുന്നുണ്ടെന്നും റെയിൽവേ ചൂണ്ടിക്കാട്ടി.
അതേസമയം ടിക്കറ്റ് കൗണ്ടറുകളിലെ ജീവനക്കാരുടെ കുറവ് കാരണം യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിടുന്നുവെന്ന എംപിയുടെ പരാതിക്ക് റെയിൽവേ കൃത്യമായ കണക്കുകൾ നിരത്തിയാണ് മറുപടി നൽകിയത്. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ വഴി പ്രതിദിനം ശരാശരി 498 അൺറിസർവ്ഡ് ടിക്കറ്റുകളും 39 റിസർവ്ഡ് ടിക്കറ്റുകളും മാത്രമാണ് വിൽക്കപ്പെടുന്നത്. ഏറ്റവും തിരക്കുള്ള സമയങ്ങളിൽപോലും ഒരുമണിക്കൂറിൽ ശരാശരി 60 ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിയുന്നത് എന്നതിനാൽ, നിലവിലുള്ള ഒരു കൗണ്ടർ യാത്രക്കാരുടെ എണ്ണത്തിന് അനുയോജ്യമാണെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
സ്റ്റേഷനിലെ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ പൊതുജനങ്ങൾക്ക് സുഗമമായി ഉപയോഗിക്കുന്നതിനായി ഫെസിലിറ്റേറ്റർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ആരും മുന്നോട്ട് വന്നിരുന്നില്ലെന്ന് റെയിൽവേ വ്യക്തമാക്കി. താൽപ്പര്യമുള്ളവർ അപേക്ഷിക്കുന്ന മുറയ്ക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കാൻ തയാറാണെന്നും ഡിആർഎം അറിയിച്ചു.